വോളീബോളിനായ് ജീവിച്ച് പടിയിറങ്ങുന്നു

0


നാലു പതിറ്റാണ്ട് വോളിബോളിൽ നിറഞ്ഞുനിന്ന സഞ്ജയ് ബലിഗ കേരള സ്പോർട്സ് കൗൺസിൽ പരിശീലക പദവിയിൽ നിന്നും ഇന്ന് (31-10-2023) വിരമിക്കുന്നു. വോളിബോൾ ദേശീയ താരമായിരുന്ന അദ്ദേഹം കളിമികവിന്റെ അടിസ്ഥാനത്തിൽ റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിൽ സ്റ്റേഷൻ മാസ്റ്റർ ആയി    ജോലി ലഭിച്ചു. വോളിബോളിനെ അതിയായി സ്നേഹിക്കുന്ന അദ്ദേഹം തൻറെ റെയിൽവേയിലെ ജോലി രാജിവച്ച് കേരള സ്പോർട്സ് കൗൺസിലിന്റെ വോളിബോൾ പരിശീലനായി ജോലിയിൽ പ്രവേശിച്ചു. വിവിധ സ്കൂളുകളിലും കോളേജുകളിലും സേവനമനുഷ്ഠിച്ച അദ്ദേഹം സ്ഥലം മാറ്റത്തിലൂടെ 2009 ഇരിങ്ങാലക്കുടയിലെ സെൻറ് ജോസഫ് കോളേജിൽ പരിശീലകനായി വരുകയും നീണ്ട 14 വർഷം സേവനമനുഷ്ഠിക്കുകയും ചെയ്തു. 

അദ്ദേഹത്തിന്റെ പരിശീലന കരിയറിലെ മികച്ച നേട്ടവുമായാണ് പടിയിറങ്ങുന്നത്. പത്തോളം പേരെ ഇന്ത്യൻ ടീമിന്റെ ജേഴ്സിയണിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിൻറെ കീഴിൽ പരിശീലനം ലഭിച്ച അംബത്തോളം പേർ കെഎസ്ഇബി, കേരള പോലീസ്, ഇന്ത്യൻ റെയിൽവേ, സി ആര്‍ പി എഫ്, ഇന്‍ഡ്യന്‍ ആര്‍മി, കേരള സര്‍ക്കാര്‍ തുടങ്ങിയ വിവിധ വകുപ്പുകളിൽ സ്പോർട്സ്ക്വാട്ടായിലൂടെ ജോലി ലഭിച്ചു. നൂറോളം പേർ കേരള ടീമിനെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തിൽ പങ്കെടുത്തു. എണ്‍പതോളം കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രതിനിധീകരിച്ച് അഖിലേന്ത്യാ അന്തർസർവ്വകലാശാല മത്സരങ്ങളിൽ പങ്കെടുത്തു. 

ഗുജറാത്തിൽ വച്ച് നടന്ന 36മത് ദേശീയ ഗെയിംസിൽ കിരീടം ചൂടിയ പുരുഷ ടീമിന് വിജയ് മന്ത്രം പറഞ്ഞു കൊടുക്കുന്നതിൽ അദ്ദേഹം പരിശീലകരിൽ ഒരാളായി ടീമിനൊപ്പം ഉണ്ടായിരുന്നു. വിവിധ സംസ്ഥാന ടീമിനെ പരിശീലിപ്പിച്ചതോടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വോളിബോളിന്റെ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അഖിലേന്ത്യ അന്തർ സർവകലാശാല വനിത വോളിബോളിൽ രണ്ടു വർഷം കിരീടം ചൂടുകയും രണ്ടു വർഷം രണ്ടാം സ്ഥാനവും രണ്ടു വർഷം മൂന്നാം സ്ഥാനവും നേടുകയും ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ വിലയേറിയ കയ്യൊപ്പ് ഉണ്ടായിരുന്നു. നീണ്ട 14 വർഷം ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജിൽ സേവനമനുഷ്ഠിച്ച കാലഘട്ടത്തിൽ കോളേജിന് നൽകിയത് വലിയ നേട്ടങ്ങളുടെ ചരിത്രമാണ്. 12 തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വോളിബോൾ കിരീടവും 2 തവണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  ദേശീയ സംസ്ഥാന ടൂർണമെന്റുകളിൽ ഏകദേശം 75 ട്രോഫി കോളേജിന് നേടിക്കൊടുത്തതു  തുടങ്ങി നേട്ടങ്ങളുടെ കലവറ നീളുന്നു. 

മാളയിലാണ് സ്ഥിരതാമസം. ഭാര്യ ബിന്ദു. മൂത്തമകൾ കീർത്തി എസ് ബലിഗ ഇംഗ്ലണ്ടിലെ വാറിക് സർവകലാശാലയിൽ സ്കോളർഷിപ്പോടെ പിഎച്ച്ഡി ചെയ്യുന്നു. മകൻ കിരൺ എസ് സഞ്ജയ് കമ്പ്യൂട്ടർ സയൻസിൽ ബിടെക് കഴിഞ്ഞ് ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ വിരമിക്കൽ വോളിബോളിന് വലിയ നഷ്ടമാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലസി പറഞ്ഞു.

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...