പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ടും വിരൽവൃക്ഷം തീർത്തും സെൻ്റ് ജോസഫ്സിലെ എൻ.എസ്.എസ്.കൂട്ടായ്മ

ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ എൻ.എസ്.എസ് കൂട്ടായ്മ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സീനിയർ ചേമ്പർ ഇൻ്റർനാഷണലുമായി സഹകരിച്ചു കൊണ്ട്  പതിനഞ്ചിനം വൃക്ഷത്തൈകളാണ് കലാലയത്തിൽ നട്ടുപിടിപ്പിച്ചത്.ഇരിങ്ങാലക്കുട കൃഷി ഓഫീസറായ എം.കെ.ഉണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.

പോളിത്തീൻ കവറുകൾക്കു പകരം പ്രകൃതിദത്തമായ ചകിരി നാരിൽ സൂക്ഷിക്കപ്പെട്ട തൈകൾ  "നമ്മുടെ ഭൂമി നമ്മുടെ ഭാവി " എന്ന ആപ്തവാക്യത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അഞ്ജന പരിസ്ഥിതി ദിന സന്ദേശം നൽകിയ ചടങ്ങിൽ കോളേജിലെ സീനിയർ അധ്യാപകരായ മിസ് ഡീന ആൻറണി, മിസ് ബിൻസി വർഗീസ്  സീനിയർ ചേമ്പർ ഇൻറർനാഷണലിൻ്റെ പ്രസിഡണ്ട് ബൈജു, മറ്റു പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കലാലയത്തിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കാളികളാക്കിക്കൊണ്ട് വിരലുകളിൽ ചായം മുക്കി തുണിയിൽ തീർത്ത വിരൽ വൃക്ഷവും ഏറെ ശ്രദ്ധേയമായി. അതിനു ശേഷം "മാലിന്യ മുക്തം നവകേരളം" എന്ന ആശയപ്രചാരണത്തിൻ്റെ ഭാഗമായി ജില്ല ശുചിത്വമിഷനുമായി സഹകരിച്ചുകൊണ്ട് ഇരിങ്ങാലക്കുടയിലെ കടകളിലും ഓഫീസുകളിലും പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു.കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് നമ്പർ എൻ.എസ്.എസ് യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസർമാരായ അമൃത തോമസ്, വീണ സാനി, ഉർസുല എൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....