വിദ്യാർത്ഥികളിൽ പാർലമെന്റ് നടപടികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, നയരൂപീകരണ രീതികൾ പരിചയപ്പെടുത്തുക, സമകാലിക ദേശീയ വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് നാഷണൽ യൂത്ത് പാർലമെന്റ് സ്കീം സംഘടിപ്പിച്ചിരിക്കുന്നത്.മികച്ച സംഘാടക ശേഷിയും, നേതൃത്വ ഗുണവും ഉള്ള വിദ്യാർത്ഥികളെ കണ്ടെത്താനും വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയവിനിമയ പാടവം, സംവാദശേഷി എന്നിവ തെളിയിക്കാനുള്ള അവസരവും തരുൺ സഭയിലൂടെ ലഭ്യമാകുന്നു.
മാനേജ്മെന്റ് വിദ്യാർത്ഥികളിൽ ബിരുദ തലത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധത, സംവേദനക്ഷമത, സഹിഷ്ണുത തുടങ്ങിയ ഉന്നത മാനവിക ഗുണങ്ങൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം തരുൺ സഭ സംഘടിപ്പിച്ചത്. തരുൺ സഭയിൽ സത്യപ്രതിജ്ഞ, ചോദ്യോത്തര വേള, ശ്രദ്ധ ക്ഷണിക്കൽ പ്രമേയം, അവകാശലംഘനം എന്നീ രംഗങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഭരണപക്ഷം, പ്രതിപക്ഷം, സ്പീക്കർ, സെക്രട്ടറി ജനറൽ, മാധ്യമങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് ഒന്നാം വർഷ വിദ്യാർത്ഥികൾ ആണ് അധ്യാപകരുടെ നേതൃത്വത്തിൽ തരുൺസഭയിൽ പങ്കാളികളായത്.